ബാലതാരമായി വന്നു പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് നിവേദ തോമസ്. ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരമായ നിവേദ അഭിനയം മാത്രമല്ല തനിക്ക് വണങ്ങുന്നതെന്ന് തെളിയിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ ഒരു മെഡിക്കല്‍ കോളജില്‍ നടന്ന ടെഡ്-എക്‌സ് കോണ്‍ഫറന്‍സിലാണ് താരം പ്രസംഗിച്ചത്.
എട്ടാം വയസുമുതല്‍ നിവേദ അഭിനയരംഗത്തുണ്ട്. ജോലിയെന്താണെന്നോ അഭിനയം എന്താണെന്നോ തിരിച്ചറിയുന്നതിനു മുന്‍പെ, ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോകേണ്ട ബാല്യകാലത്തെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു നിവേദ സംസാരിച്ചു തുടങ്ങിയത്. അഭിനയത്തിരക്കു മൂലം സ്‌കൂളില്‍ പോകാന്‍ സാധിക്കാതെ വന്നാലും സഹപാഠികളുടെ ഒപ്പം പഠനത്തിലും തുല്യമികവ് പുലര്‍ത്താനുള്ള സമ്മര്‍ദ്ദം വലുതായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ലെന്നു പറയുകയാണ് താരം.
പ്ലസ്ടു പഠനത്തിനു ശേഷം ആര്‍ക്കിടെക്റ്റ് ആകാനാണ് നിവേദ തീരുമാനിച്ചത്. വളരെ സമ്മര്‍ദ്ദമേറിയ നാളുകളായിരുന്നു അത്. പഠന പ്രൊജക്ടുകള്‍ തീര്‍ക്കുന്നതിനൊപ്പം സെമസ്റ്റര്‍ ഇടവേളകളില്‍ സിനിമയിലും അഭിനയിച്ചു. കോളജ് ജീവിതം തന്നെ കൂടുതല്‍ കരുത്തയാക്കിയെന്നും താരം പറയുന്നു. താരത്തിന്റെ പ്രസംഗം വളരെപ്പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.