ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസ് ഓഫീസര്‍ ആയി കായംകുളം കൊച്ചുണ്ണിയില്‍ സണ്ണി വെയ്ന്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഈ ചിത്രത്തില്‍ മറ്റൊരു നിര്‍ണ്ണായക വേഷം അവതരിപ്പിക്കുന്ന യുവ താരമാണ് സണ്ണി വെയ്ന്‍. കേശവന്‍ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ പൊലീസ് ഓഫീസര്‍ ആയാണ് സണ്ണി വെയ്ന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് സണ്ണി വെയ്ന്‍ ചെയ്യുന്നത്. സണ്ണി വെയ്‌ന്റെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവാവുന്ന കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ വ്യത്യസ്തമായ വേഷ പകര്‍ച്ചകള്‍ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുന്ന സണ്ണിയുടെ കരിയറിലെ ഒരു പൊന്‍തൂവല്‍ തന്നെയായിരിക്കും കേശവന്‍ എന്ന സൂചന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലറിലെ രംഗങ്ങളും നമുക്ക് തരുന്നുണ്ട്.ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ്. അതിഥിവേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊച്ചുണ്ണിയുടെ ജീവിത്തിലെ ഉദ്വേകജനകമായ നിമിഷങ്ങള്‍ കാഴ്ച പങ്കുവയ്ക്കുന്ന ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

kayam-kulam

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചിത്രം. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക.

kayam-kulam-kochunni-stills

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 30 കോടിയിലേറേ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രദാന്റെ ആദ്യ മലയാള ചിത്രമായ കൊച്ചുണ്ണിക്ക് വേണ്ടി ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Top