താരസംഘടനയായ അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിടിതരാതെ നടന്‍ നിവിന്‍ പോളി. സംഘടനയ്‌ക്കൊപ്പമാണോ സിനിമയ്‌ക്കൊപ്പമാണോ എന്ന ചോദ്യത്തിന് നിവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘വിവാദങ്ങള്‍ വേണം എന്നു നിര്‍ബന്ധമില്ലല്ലോ, സിനിമയിലഭിനയിക്കാനാണ് വന്നത്. പ്രേക്ഷകര്‍ക്കിഷ്ടമുള്ള സിനിമ ചെയ്യുക, അവരെ ഇഷ്ടപ്പെടുത്തുക, എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അടുത്ത സിനിമയില്‍ അത് ശരിയാക്കുക’എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. സംഘടനാപരമായുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള പക്വത എനിക്ക് ഇപ്പോള്‍ ആയിട്ടില്ലെന്നാണ് തോന്നുന്നത്. ആ പക്വതയിലെത്തുമ്പോള്‍ അതിന്റേതായ രീതിയില്‍ പ്രതികരിക്കാം.’
കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ പരിപാടിയ്ക്കിടെയാണ് നിവിന്റെ പ്രതികരണം. ചിത്രം ഇതുവരെ 42 കോടി രൂപയാണ് നേടിയത്. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം, കര്‍ണാടക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്. സംഗീതം ഗോപീസുന്ദര്‍.