വെബ് സീരീസിലേക്ക് ചുവടുവച്ച് നിവിന്‍ പോളി; 25 വര്‍ഷങ്ങള്‍ക്ക് ശേഷം രജിത് കപൂര്‍ മലയാള സിനിമയിലേക്ക്

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്ന് വെബ് സീരീസ് ഒരുക്കാന്‍ നിവിന്‍ പോളി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സീരീസ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ‘ഫാര്‍മ’ എന്നാണ് സീരീസിന് പേര് നല്‍കിയിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിക്കൊപ്പം ബോളിവുഡ് താരം രജിത് കപൂറും ഉണ്ടാകും.

1998ല്‍ പുറത്തിറങ്ങിയ ‘അഗ്‌നിസാക്ഷി’യാണ് അദ്ദേഹം മുമ്പ് അഭിനയിച്ച മലയാള ചിത്രം. അഗ്‌നിസാക്ഷിയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും രജിത് കപൂറിനായിരുന്നു. കേരളത്തിലെ കഴിവുറ്റ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം ഒരുമിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഉണ്ട’, ‘ജെയിംസ് ആന്‍ഡ് ആലീസ്’ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കൃഷ്ണന്‍ സേതുകുമാര്‍ ആണ് നിര്‍മ്മാണം. അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ. ജേക്‌സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ചെയ്യുന്നു.

Top