ലോകേഷ് – വിജയ് ചിത്രത്തില്‍ നിവിന്‍ പോളി എത്തും ?; ട്വിറ്ററില്‍ ചൂടൻ ചർച്ച !

ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ട്വിറ്ററിൽ‌ നടക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കാൻ ഇരുന്ന റോൾ ആണെന്നും ഡേറ്റ് പ്രശ്നമായതിനാലാണ് നിവിൻ ആ സ്ഥാനത്തേക്ക് എത്തിയതെന്നുമാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ചിത്രത്തിൽ‌ മലയാളി താരം മാത്യു തോമസ് അഭിനയിക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ദളപതി 67’ൽ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഡിസംബറിൽ ആരംഭിക്കുമെന്നാണ് വിവരം. കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീതം ഒരുക്കുന്നത്.

നിവിന്‍റേതായി അടുത്തിടെ റിലീസ് ചെയ്ത പടവെട്ട് എന്ന സിനിമ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അദിതി ബാലൻ, ഷമ്മി തിലകൻ, രമ്യ സുരേഷ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സണ്ണി വെയിൻ പ്രൊഡക്ഷൻസും സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്. സാറ്റര്‍ഡെ നൈറ്റ് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് നടന്‍റേതായി റിലീസിനൊരുങ്ങുന്നത്.

Top