തൊഴിലാളി ദിനത്തില്‍ നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖ’ത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍. നിവിന്‍ പോളി, ജോജു, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് വിലയിരുത്തലുകള്‍. വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു. ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിച്ചത്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണിത്. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തേ അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു.
നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ബി അജിത്കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.