ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം.
ഫലം വന്ന എട്ടു സീറ്റുകളില്‍ അഞ്ചിടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു.
ഹിമാചല്‍ പ്രദേശിലെ ഭോരംഗ്, ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍, അസമിലെ ധെമാജി, മധ്യപ്രദേശിലെ ബണ്ടാവഗഡ്, രാജസ്ഥാനിലെ ദോല്‍പുര്‍ എന്നിവിടങ്ങളിലാണ് ബിജെപി വിജയം നേടിയത്.
അതേസമയം, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നിലനിര്‍ത്തി. ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചന്ദ്രിമ ഭട്ടാചാര്യ വിജയിച്ചു.
കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് കലാലെ എന്‍. കേശവമൂര്‍ത്തിയും ഗുണ്ടല്‍പേട്ടില്‍ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. ഹിമാചല്‍ പ്രദേശിലെ ഭോരംഗില്‍ ബിജെപി സ്ഥാനാര്‍ഥി അനില്‍ ധിമാന്‍ 8,433 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അസമിലെ ധെമാജിയില്‍ ബിെജപിയുടെ റാനോജ് പേഗു 9,285 വോട്ടുകള്‍ക്ക് ജയിച്ചു.
ഡല്‍ഹി രജൗരി ഗാര്‍ഡനില്‍ ബിജെപിയിലെ മജീന്ദര്‍ സിങ് 14,652 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. അതേസമയം, നഞ്ചന്‍ഗോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗീത മഹാദേവ പ്രസാദ് 10,877 വോട്ടുകള്‍ക്കാണ് ബിജെപിയിലെ സി.എസ്. നിരഞ്ജനകുമാറിനെ പിന്നിലാക്കിയത്.
രാജസ്ഥാനിലെ ദോല്‍പുരില്‍ ബിജെപിയിലെ ശോഭാറാണി കുഷ്‌വാഹ കോണ്‍ഗ്രസിലെ ബന്‍വാരി ലാല്‍ ശര്‍മയെ 38,673 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. മധ്യപ്രദേശിലെ ബണ്ടാവഗഡില്‍ ബിജെപിയുടെ ശിവ്‌നാരായണ്‍ സിങ് കോണ്‍ഗ്രസിലെ സാവിത്രി സിങ്ങിനെ 25,476 വോട്ടുകള്‍ക്ക് പിന്നിലാക്കി.
അതിനിടെ, ബിജെപി സ്ഥാനാര്‍ഥി വിജയിച്ച ബണ്ടാവഗഡ് മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. അതേസമയം, ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ചന്ദ്രിമ ഭട്ടാചാര്യ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ബിജെപിയിലെ എസ്.എം. ജനയായിരുന്നു ഇവിടെ തൃണമൂലിന്റെ മുഖ്യ എതിരാളി. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവു വൈകുമെന്ന സൂചന നല്‍കി അവരുടെ സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായി. മധ്യപ്രദേശിലെ അത്തേറിലും ബിജെപി ലീഡ് ചെയ്യുകയാണ്.
ആം ആദ്മി പാര്‍ട്ടിലെ ജര്‍ണൈല്‍ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രജൗരി ഗാര്‍ഡനില്‍ എഎപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഡല്‍ഹി ഭരിക്കുന്ന എഎപി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്ത ക്ഷീണമാകും. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണു രണ്ടാം സ്ഥാനത്ത്. കേജ്‌രിവാള്‍ സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ബിജെപിയും കോണ്‍ഗ്രസും ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
അതേസമയം, അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഉപതിരഞ്ഞെടുപ്പു നടന്ന നഞ്ചന്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ ഗുണ്ടല്‍പേട്ടില്‍ അവരുടെ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. കര്‍ണാടകയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഇവിടുത്തെ തിരഞ്ഞെടുപ്പു ഫലം.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മധ്യപ്രദേശിലെ ആതര്‍, ഹിമാചല്‍ പ്രദേശിലെ ഭോരംഗ് എന്നിവിടങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.