തിരുവനന്തപുരം: ലൈഫ് മിഷന്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് ഉന്നയിച്ച് അനില്‍ അക്കര കൊണ്ടു വന്ന പ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. സര്‍ക്കാരിന് ഒരു അഴിമതിയും അന്വേഷിക്കാന്‍ പാടില്ലെന്ന നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ലൈഫ് മിഷനില്‍ മന്ത്രി എ.സി മൊയ്തീന്റെ വിശദീകരണം തൃപ്തികരമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര അനുമതി തേടിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനാണ് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് കോടതി വിധിയുടെ കാതല്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല കോടതി വിധി. 140 വീടുകള്‍ നിര്‍മിക്കാന്‍ യുഎഇ റെഡ് ക്രസന്റ് മുന്നോട്ടുവരികയായിരുന്നു. പദ്ധതിയെ ആകെ താറടിച്ചു കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എ.സി. മൊയ്തീന്‍ സഭയില്‍ പറഞ്ഞു.