തിരുവനന്തപുരം: മലയാളം സര്‍വ്വകലാശാല സ്ഥലമെടുക്കലിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലുള്ള 2016-ലെ റിപ്പോര്‍ട്ടിന് അടിയന്തര പ്രധാന്യമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാല്‍ ഉത്തരവ് ഇറങ്ങിയത് ഈ മാസം മൂന്നിനാണെന്നും സ്ഥലമെടുപ്പില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പങ്കുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ കമ്മീഷന്‍ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
വിഷയം അടിയന്തരപ്രധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട് പുന:പരിശോധിക്കണമെന്നും സ്പീക്കര്‍ ഈ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.