തിരുവനന്തപുരം: നിയമസഭ നടത്തിക്കൊണ്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എല്ലാവരെയും തൃപ്തിപ്പെടുത്തി സഭ നടത്തിക്കൊണ്ട് പോകാനാകില്ല. വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിളിച്ച മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീറിന്റെ പ്രസ്താവനയുടെ പേരില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയായി. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് മുനീര്‍ വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം നടത്തിയത്. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ് പ്രതിഷേധം തുടങ്ങുകയായിരുന്നു. പിന്നാലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.
വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ടു പുറത്തുപോകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ഭരണപക്ഷ അംഗങ്ങള്‍ എത്തിയതോടെയാണ് ഉന്തും തള്ളുമായത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.