നിയമസഭാ കയ്യാങ്കളി; കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി ഉള്‍പ്പടെ ഉള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ കൂടി പരിഗണിക്കാന്‍ ആണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

വി.ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍, കെ അജിത് എന്നിവരാണ് നിയമസഭ കൈയ്യാങ്കളി കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അപ്പീലിന് ഇന്ന് രാവിലെ 11 മണിക്കാണ് സുപ്രീം കോടതി രജിസ്ട്രി നമ്പര്‍ നല്‍കിയത് എന്ന് ഇടത് നേതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, അഭിഭാഷകന്‍ പി എസ് സുധീറും അറിയിച്ചു. ഇതേ തുടര്‍ന്നാണ് എല്ലാ ഹര്‍ജികളും ഒരുമിച്ച് തിങ്കളാഴ്ച്ച വാദം കേള്‍ക്കാനായി കോടതി മാറ്റിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രണ്‍ജിത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. കേസില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുള്ള മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു ഹാജരായി. മറ്റൊരു തടസ്സ ഹര്‍ജി നല്‍കിയ തിരുവനന്തപുരം സ്വദേശി അജിത് കുമാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി ആണ് ഹാജരായത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ആര്‍ സുബാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

 

Top