ശബരിമല പ്രശ്‌നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും

തിരുവനന്തപുരം : ശബരിമല പ്രശ്‌നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഇന്നലെ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയേക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യഅഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്.

നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കത്ത് നല്‍കിയത്. ഒരേ വിഷയത്തില്‍ ഒന്നിലേറെ തവണ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്ന കീഴ് വഴക്കം നേരത്തെ ഉണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നലേയും നിര്‍ത്തിവച്ചിരുന്നു. ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു.

സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാല്‍ ചെയറിന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു.

Top