നിസാമുദിന്‍ എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

തിരുവനന്തപുരം: നിസാമുദിന്‍-തിരുവനന്തപുരം എക്‌സ്പ്രസിലെ കവര്‍ച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അഗ്‌സര്‍ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു.

ഇയാള്‍ ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. മൂന്ന് സ്ത്രീകളെയാണ് പ്രതി മയക്കി കിടത്തി കവര്‍ച്ച നടത്തിയത്. റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് അഗ്‌സര്‍ ബാഷ നിസാമുദിന്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

വിജയലക്ഷ്മിയും മകള്‍ ഐശ്വര്യയും സഞ്ചരിച്ച കോച്ചില്‍ ഇയാള്‍ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. വിജയലക്ഷ്മി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അഗ്‌സര്‍ ബാഷ ഇതിന് മുന്‍പും സമാനമായ രീതിയില്‍ ട്രെയിനില്‍ സഞ്ചരിച്ച് സഹയാത്രികര്‍ക്ക് ഭക്ഷണം നല്‍കി ബോധരഹിതരാക്കിയ ശേഷം കവര്‍ച്ച നടത്തുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനിലാണ് യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തി കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും, കൗസല്യയുടെ സ്വര്‍ണവും മോഷണം പോയതായാണ് വിവരം.

 

Top