കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി പോയി. കഴിഞ്ഞ ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളില്‍ പലതിനും ഇതില്‍ തുടര്‍ച്ചയില്ലാതായി. കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്നില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, പദ്ധതികള്‍ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു.
കടം വാങ്ങി മാത്രം ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടു. തീരദേശ ഹൈവേ നിര്‍മ്മാണം നടപ്പാക്കുന്നത് തീരദേശവാസികളെ വിശ്വാസത്തിലെടുത്തു വേണം. അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിര്‍മിക്കാന്‍. ഇക്കാര്യത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും കെ വി തോമസ് പ്രതികരിച്ചു.