തലശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് തലശേരി അഡിഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം ജയരാജനെ ഇന്ന് തന്നെ ജയിലില്‍ നിന്ന് ഇറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു.
കോടതി ഇന്നലെ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേട്ടിരുന്നു. തുടര്‍ന്നാണ് ജാമ്യഹരജി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ മേല്‍ക്കോടതിയെ സമീപിക്കും.
രണ്ട് ദിവസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു തരത്തിലും ജയരാജന് ജാമ്യം നല്‍കരുതെന്ന സിബിഐയുടെ നിലപാട് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് തവണ മാറ്റിവെച്ച കേസില്‍ ഇന്നാണ് കോടതി വിധി പറയുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിധി പറയാനായി കേസ് പരിഗണിച്ചിരുന്നെങ്കിലും സിബിഐയുടെ വാദത്തില്‍ വ്യക്തത വരുത്താനായി കേസ് മാറ്റിവെക്കുകയായിരുന്നു. മനോജ് വധക്കേസിലെ ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്ന് സിബിഐ അക്കമിട്ട് കോടതിയില്‍ വാദിച്ചപ്പോള്‍ അതിലെ എതിര്‍വാദവും ഇന്നലെ പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് അന്തിമ വിധി പറയാനായി തലശ്ശേരി സെഷന്‍സ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.