പാലക്കാട്: വിഎസ് ഗ്രൂപ്പില്‍ നിന്ന് തന്ത്രപൂര്‍വ്വം മറുകണ്ടം ചാടി നിയമസഭാ സീറ്റ് തരപ്പെടുത്തിയ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിനെ സിപിഎം അണികള്‍ ചതിക്കുമോ ?
സിറ്റിങ്ങ് എംഎല്‍എ ഷാഫി പറമ്പിലിനെതിരെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്‍ എന്‍ കൃഷ്ണദാസിനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്ന സിപിഎം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതും ഇതേ ചോദ്യമാണ്.
ഒരു കാലത്ത് വിഎസ് അച്യുതാനന്ദന്റെ അടുത്ത അനുയായി ആയിരുന്നു എന്‍ എന്‍ കൃഷ്ണദാസ്. അച്യുതാനന്ദന്റെ കൂടെ നിഴല്‍ പോലെയുണ്ടായിരുന്ന മുന്‍ പിഎ സുരേഷിനെ വിഎസിന്റെ കൂടെ നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചതും കൃഷ്ണദാസ് തന്നെയായിരുന്നു.
സിപിഎം വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്തിന്റെ കോപത്തിന് ഇരയായ കൃഷ്ണദാസിനെതിരെ സിപിഎം പലവട്ടം അച്ചടക്ക നടപടിയുമെടുത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച എം ബി രാജേഷിനെ പരാജയപ്പെടുത്താന്‍ കൃഷ്ണദാസ് ശ്രമിച്ചുവെന്ന ഗുരുതരമായ ആക്ഷേപവും സംഘടനാ ജീവിതത്തില്‍ കൃഷ്ണദാസിന് പ്രഹരമായിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ താല്‍പര്യം അവഗണിച്ച് സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയതാണ് കൃഷ്ണദാസിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് പാര്‍ട്ടി അണികള്‍ക്കിടയിലെ ഇപ്പോഴത്തെ സംസാരം. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സിപിഎം, വടകരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യ പ്രാസംഗികനായി കൊണ്ടുപോയത് എന്‍ എന്‍ കൃഷ്ണദാസിനെയായിരുന്നു.
പാര്‍ട്ടിയിലെ നിലനില്‍പ് അപകടത്തിലായതിനെ തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഔദ്യോഗിക പക്ഷത്തേക്ക് കൂട് മാറിയ കൃഷ്ണദാസിന്റെ നടപടി ജില്ലയിലെ ഒരു വിഭാഗം ഔദ്യോഗിക നേതാക്കള്‍ക്കും അണികള്‍ക്കും രസിച്ചിരുന്നില്ല. ചുവട് മാറ്റത്തില്‍ അസംതൃപ്തരായ വിഎസ് അനുകൂലികളും കൃഷ്ണദാസിന്റെ നടപടിയില്‍ രോഷാകുലരാണ്.
മലമ്പുഴയില്‍ മത്സരിക്കുന്ന വിഎസിനെ പാലക്കാട് മണ്ഡലത്തില്‍ സജീവമായി ഇറക്കി എതിര്‍പ്പ് മറികടക്കാമെന്ന പ്രതീക്ഷയിലാണത്രെ സ്ഥാനാര്‍ത്ഥി. നിരവധി തവണ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച കൃഷ്ണദാസ് നിഷ്പ്രയാസം മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
എന്നാല്‍ മികച്ച പ്രതിഛായയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലുള്ള ആത്മവിശ്വാസവും ഷാഫി പറമ്പിലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. സിപിഎം അണികള്‍ക്കിടയിലെ അഭിപ്രായഭിന്നതയിലാണ് യുഡിഎഫിന്റെ പ്രധാന പ്രതീക്ഷ.
അതേസമയം ഇരു മുന്നണികളെയും വിറപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രനും വിജയപ്രതീക്ഷയിലാണ്. പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുത്ത ആത്മവിശ്വാസമാണ് ബിജെപിയുടെ പ്രതീക്ഷക്ക് പിന്നില്‍. കഴിഞ്ഞതവണ 7403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ അട്ടിമറിവിജയം നേടിയത്.