കൊച്ചി; കനത്ത മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമായി. പല ട്രെയിനുകളും ഇന്ന് വൈകിയോടും. രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു.
ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും. നാഗർകോവിൽ നിന്നും പുലർച്ചെ 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും. ഇന്ന് രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. ഇന്ന് രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് (2 മണിക്കൂർ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.
ഇന്നലെയുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിലും എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ സ്റ്റേഷനുകളിലുണ്ടായ സിഗ്നൽ തകരാറാണ് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തെ ബാധിച്ചത്.
കൊല്ലം- കോട്ടയം-എറണാകുളം മെമു എക്സ്പ്രസ്സ് (06768) ചൊവാഴ്ച തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. നിസാമുദ്ദിൻ-എറണാകുളം മംഗള എക്സ്പ്രസ്സ് (12618) ചൊവ്വാഴ്ച എറണാകുളം ജങ്ഷൻ സ്റ്റേഷനുപകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്ന 12081 കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് -തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
എറണാകുളം- കോട്ടയം- കൊല്ലം മെമു എക്സ്പ്രസ് (06769) ബുധനാഴ്ച തൃപ്പൂണിത്തുറയിൽനിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജങ്ഷനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് (06778) മുളന്തുരുത്തി സ്റ്റേഷനിലും സർവീസ് അവസാനിപ്പിക്കും.