No action about vigilance si Somanathans’ petition

തിരുവനന്തപുരം: പ്രതിദിനം ഒന്നരക്കോടി രൂപയുടെ ഇടപാട് നടക്കുന്ന പൊലീസ് സഹകരണ സംഘത്തിലെ ക്രമക്കേട് സംബന്ധിച്ച് ഭരണസമിതി പ്രസിഡന്റ് തന്നെ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ ദുരൂഹത.

ഭരണസമിതി അംഗങ്ങളായ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജരേഖ നിര്‍മ്മിച്ചു എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് എസ്.ഐ സോമനാഥന്‍ നല്‍കിയ പരാതിയിലാണ് നടപടിയില്ലാത്തത്.

തിരുവനന്തപുരം നന്ദാവനം ക്യാപിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പൊലീസ് ഭരണ സമിതിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഭരണസമിതി പ്രസിഡന്റ് തന്നെ ഉന്നയിച്ച സാഹചര്യത്തില്‍ ഉടനെ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കേണ്ടിടത്താണ് പൊലീസ് തലപ്പത്തെ ഈ ഒളിച്ചുകളി.

വിജിലന്‍സ് എസ്‌ഐ കൂടിയായ പരാതിക്കാരന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ് പി സുകേശന് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറുകയാണ് എസ് പി ചെയ്തത്.

സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാറാവട്ടെ ഇക്കാര്യത്തില്‍ ഇതുവരെ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷര്‍ക്ക് കൈമാറുകയും അസിസ്റ്റന്റ് കമ്മീഷണര്‍ അത് തന്റെ കീഴിലെ എസ്‌ഐക്ക് ‘പരിശോധന’ക്കായി നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു വിജിലന്‍സ് എസ്‌ഐ നല്‍കിയ പരാതിയുടെ അവസ്ഥയാണിത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ‘സൂപ്പര്‍ ഡിജിപി’ ചമഞ്ഞിരുന്ന പൊലീസ് അസോസിയേഷന്‍ നേതാവിന്റെ ഇടപെടല്‍ മൂലമാണ് വിജിലന്‍സ് എസ്പിയുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയുമെല്ലാം ‘മുട്ടിടിക്കുന്നതെന്നാണ്’ ആക്ഷേപം.

2015 സെപ്തംബര്‍ 22 ന് ചേര്‍ന്ന പൊലീസ് സഹകരണ സംഘം ഭരണസമിതി യോഗത്തിന്റെ മിനുട്‌സ് ബുക്കില്‍ കൃത്രിമത്വം കാട്ടിയതായി ചൂണ്ടിക്കാട്ടി എസ്‌ഐ സോമനാഥന്‍ നല്‍കിയ പരാതി കഴിഞ്ഞദിവസം കൈരളി പീപ്പിള്‍ ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ജീവന്‍കുമാറാണ് റിപ്പോര്‍ട്ട് ചെയ്തത്.

22ന് എടുത്ത 7-ാം തീരുമാനവും 10-ാം തീരുമാനവും അടങ്ങിയ പേജിന് പകരമായി മറ്റൊരു പേജ് കൂട്ടി ചേര്‍ത്ത് വ്യാജരേഖ സൃഷ്ടിച്ചതായി പരാതിയില്‍ സോമനാഥന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരണസമിതി ഇപ്പോഴും യുഡിഎഫ് അനുകൂല പൊലീസുകാരുടെ നിയന്ത്രണത്തിലാണ്. പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നെടുക്കേണ്ട തീരുമാനങ്ങളില്‍ പോലും പ്രസിഡന്റിനെ ഒഴിവാക്കിയതോടെയാണ് അണിയറയിലെ ‘രഹസ്യം’ പുറത്തായത്.

ഭരണ സമിതി പ്രസിഡന്റ് തന്നെ പരാതി നല്‍കാന്‍ നേരിട്ട് തയ്യാറായത് ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്.

വിജിലന്‍സിന് തന്നെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാമായിരുന്ന പരാതിയില്‍ വിജിലന്‍സ് എസ്പിയും തുടര്‍ന്ന് പരാതി ലഭിച്ച സിറ്റിപൊലീസ് കമ്മീഷണറും സ്വീകരിച്ച നിലപാടുകള്‍ പൊലീസിനകത്തിപ്പോള്‍ വിവാദമായിരിക്കുകയാണ്.

ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ഉയര്‍ന്ന് വരുന്ന ആവശ്യം.

Top