കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെയും ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെയും നടപടി സ്വീകരിക്കാതെ താരസംഘടനയായ അമ്മ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
ചാനല്‍ അഭിമുഖത്തിലൂടെ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നാണ് എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമായി. പാര്‍വ്വതി നല്‍കിയ രാജിയും അമ്മ സ്വീകരിച്ചു. അതേസമയം, ബിനീഷിനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ഭൂരിപക്ഷം. ബിനീഷിനോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനമായി. സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇടത് എംഎല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ് കുമാറും കടുത്ത എതിര്‍പ്പാണ് യോഗത്തില്‍ പ്രകടിപ്പിച്ചത്. നിലവില്‍ മയക്കുമരുന്ന് കേസില്‍ എന്‍സിബി ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.
അമ്മ സംഘടന പുതിയതായി നിര്‍മ്മിക്കാനിരിക്കുന്ന സിനിമയുടെ പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനാണ് അമ്മ പുതിയ സിനിമ നിര്‍മിക്കുന്നതെന്നും, ചിത്രത്തില്‍ എല്ലാ താരങ്ങളും അണിനിരക്കുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.