ഡല്‍ഹി: ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രണ്ടാം ദിവസമാണ് ബിജെപി എംപി വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അധീര്‍ രഞ്ജന്‍ ചൗധരിയെ പുറത്താക്കി. എന്നാല്‍ സ്പീക്കര്‍ ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
രമേഷ് ബിധുരി പാര്‍ലമെന്റ് മന്ദിരത്തെ മലീമസമാക്കി. വിഷയം വളരെ ഗൗരവരമായി കാണുന്നു. നിസാഹയനായ ഒരാളെയാണ് ധാനിഷില്‍ കണ്ടത്. വിഷയത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടു. സഭാ രേഖകളില്‍ നിന്നും പ്രസ്താവന നീക്കം ചെയ്തുവെന്നും കെ.സി വേണുഗോപാല്‍. ചന്ദ്രയാന്‍ 3ന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്. ഈ മുല്ലയെ നാടുകടത്തണം. ഇയാള്‍ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയര്‍ത്തിയത്. ലോക്‌സഭയില്‍ നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.