തിരുവനന്തപുരം ; ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പ്രതികരിച്ചു എന്ന കുറ്റം ചുമത്തി ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന നിലപാടില്‍ നിന്ന് ചീഫ് സെക്രട്ടറി പിന്‍മാറിയത് ഐ.പി.എസുകാരെ ഭയന്ന്.
വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ഡി.ജി.പി മാരുടെ കേഡര്‍ തസ്തിക നഷ്ടമാവുന്ന സാഹചര്യത്തില്‍ ഐ.പി.എസ് അസോസിയേഷന്‍ യോഗം ചേരാനിരിക്കെ മണിക്കൂറുകള്‍ക്ക് മുന്‍പാണ് വിശദീകരണ നോട്ടീസില്‍ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങി ചീഫ് സെക്രട്ടറി രംഗത്ത് വന്നിട്ടുള്ളത്.
ഇത് ഐ.പി.എസ് ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാനാണെന്നാണ് പറയപ്പെടുന്നത്.
അച്ചടക്ക നടപടിക്ക് അര്‍ഹമായ തെറ്റ് ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്നും ചട്ടലംഘനം നടത്തിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നല്‍കിയ ശുപാര്‍ശയില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ അഴിമതി ആരോപണമുന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതി ഇടപെടലോടെ ഏതു നിമിഷവും വിജിലന്‍സ് അന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മാറിയാല്‍ തസ്തികയില്‍ നിന്ന് തെറിപ്പിക്കപ്പെടുമെന്നതും ചീഫ് സെക്രട്ടറിയുടെ മനംമാറ്റത്തിന് കാരണമാണ്.
തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ജേക്കബ് തോമസ്, അച്ചടക്ക നടപടി നേരിട്ടാല്‍ നിയമപരമായി നേരിടുമെന്നത് ചീഫ് സെക്രട്ടറിയെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമാണ് കാരണം മന്ത്രിസഭയുടെ തീരുമാനം ഉത്തരവായി ഇറക്കേണ്ടത് ചീഫ് സെക്രട്ടറിയായതിനാല്‍ കോടതിയില്‍ മറുപടി പറയേണ്ടി വരിക അദ്ദേഹമാണ്.
ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പഴയ നിലപാടില്‍ നിന്ന് പതുക്കെ തലയൂരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായും ചീഫ് സെക്രട്ടറിയുടെ നീക്കത്തെ ഐ.പി.എസു കാരില്‍ ഒരു വിഭാഗം കാണുന്നുണ്ട്.
പോലീസ് ആസ്ഥാനത്ത് അച്ചടക്ക ലംഘനം വച്ച് പൊറുപ്പിക്കില്ലായെന്ന സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ ജേക്കബ് തോമസിന് നല്‍കിയ വിശദീകരണ നോട്ടീസിനുള്ള മറുപടിയില്‍ എന്ത് അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് മറുചോദ്യമുയര്‍ത്തി നോട്ടീസിനെ തന്നെ ജേക്കബ് തോമസ് ചോദ്യം ചെയ്തിരുന്നു.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തവ് നല്ല തീരുമാനമെന്ന് പറഞ്ഞതാണ് ജേക്കബ് തോമസിനെതിരെ തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കോടതി തീരുമാനം നല്ല തീരുമാനം എന്ന് പറഞ്ഞതിന് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ സര്‍ക്കാരിന് കോടതിയില്‍ നിന്ന് തന്നെ കനത്ത പ്രഹരം ലഭിക്കുമെന്ന് നിയമ വിദഗ്ധരും സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നു.
ചോദിച്ച് വാങ്ങുന്ന തിരിച്ചടിയാവും അതെന്ന നിലപാട് മുതിര്‍ന്ന ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്കിടയിലുമുണ്ട്. എ.ഡി.ജി.പി യെ ഡി.ജി.പി കേഡര്‍ പോസ്റ്റായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചതും ഐ.പി.എസുകാരെ രോഷാകുലരാക്കിയ സാഹചര്യത്തില്‍ നേരത്തെ ജേക്കബ് തോമസ് വിഷയത്തില്‍ സര്‍ക്കാരിനെ പിന്‍തുണച്ച് രംഗത്തെത്തിയ ഡി.ജി.പി ക്ക് പോലും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവില്‍.
ഐ.പി. എസുകാരോട് പകപോക്കാന്‍ സര്‍ക്കാര്‍ നീങ്ങിയാല്‍ അവസരം കിട്ടിയാല്‍ അതിന് ‘പ്രതികരണം’ ഉണ്ടാകുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആരോപണ വിധേയമായ കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ അധികാരം മാറിയാല്‍ പണിപാളുമെന്ന മുന്നറിയിപ്പ് അവര്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം ജേക്കബ് തോമസിനെതിരായ നിലപാടില്‍ മാറ്റം വരുത്തി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ജേക്കബ് തോമസിന്റെ നിലപാട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.