തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെതിരേയും, ദേശീയഗാനത്തെ അപമാനിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ട നാടക കലാകാരനും എഴുത്തുകാരനുമായ കമല്‍സി ചവറയ്‌ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
പൊലീസ് നടപടി വിവാദമായതോടെ പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെളിവില്ലെന്നു കണ്ടപ്പോള്‍ വിട്ടയച്ചുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പൊലീസാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ആറളം കോളനിയില്‍ സായുധരായ ഏഴു മാവോയിസ്റ്റുകള്‍ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിനു നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമല്‍സി ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്.