no action against tom jose-chief secretary

കൊച്ചി: കെഎംഎംഎല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.

ടോം ജോസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന നിയമവകുപ്പിന്റെ ഉപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

മഗ്‌നീഷ്യം ഇറക്കുമതി ചെയ്ത കേസില്‍ ടോം ജോസ് കുറ്റക്കാരനാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

വിജിലന്‍സിന്റെ ഈ ശുപാര്‍ശ മറികടന്നാണ് ടോംജോസിനെതിരെ നടപടി വേണ്ടെന്നുളള ധനവകുപ്പിന്റെ റിപ്പോര്‍ട്ട്.

ടോം ജോസ് കെഎംഎംഎല്‍ എംഡി ആയിരിക്കെ നടത്തിയ വിവാദ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും കുറ്റക്കാരനെന്ന് കണ്ടെത്തിയതും.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെതിരായ കേസില്‍ ഉടന്‍ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കെഎംഎംഎല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 2012,13, 14 കാലഘട്ടത്തിലാണ് സംഭവം. ഒരു മെട്രിക് ടണ്‍ മഗ്‌നീഷ്യം 1.87 കോടി രൂപക്കാണ് കെഎംഎംഎല്‍ പ്രാദേശിക വിപണിയില്‍നിന്ന് വാങ്ങിയിരുന്നത്.

ഇതൊഴിവാക്കാന്‍ ടോം ജോസ് ആഗോള ടെന്‍ഡര്‍ വിളിച്ചെന്നും ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടും ടോം ജോസ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.

Top