അലഹബാദ്: മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെ മനുഷ്യ ശബ്ദം മാത്രം മതിയെന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. മൈക്കോ ലൗഡ്സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ലൗഡ് സ്പീക്കറോ ആംപ്ലിഫയര്‍ ഡിവൈസുകളോ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച നിയമങ്ങള്‍ പള്ളികള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബാങ്ക് വിളി ഇസ്ലാം മതത്തില്‍ അത്യന്താപേക്ഷികമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്ന് പറയാനാകില്ല. ബാങ്ക് വിളിക്കുന്നതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മറ്റൊരു പൗരന് ഇഷ്ടമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഒന്നും കേള്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും അത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളി നിയമലംഘനമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളി എങ്ങനെയാണ് നിയമലംഘനവും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനവുമാകുന്നതെന്ന് സര്‍ക്കാറിന് വിശദീകരിക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, അജിത് കുമാര്‍ എന്നിവരാണ് വിധി പറഞ്ഞത്. ഖാസിപൂര്‍ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിപുര്‍ ബിഎസ്പി എംപി അഫ്സല്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്.