മതവികാരം വ്രണപ്പെടുത്തി; കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

ഭോപ്പാല്‍:സ്റ്റാര്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും സഹായി നളിന്‍ യാദവിനും മൂന്നാമതും ജാമ്യം നിഷേധിച്ച് കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ജനുവരി രണ്ടിനാണ് ഇവര്‍ അറസ്റ്റിലായത്.

കേസില്‍ ജാമ്യം നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ജസ്റ്റിസ് രോഹിത് ആര്യ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കേസിന്റെ മെറിറ്റില്‍ പ്രതികരിക്കുന്നില്ല, എന്നാല്‍ ശേഖരിക്കപ്പെട്ട തെളിവുകള്‍ പ്രകാരം പ്രഥമദൃഷ്ട്യാ പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ട്. ഇവര്‍ നടത്തിയ പബ്ലിക് ഷോ മതവിദ്വേഷം പരത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മതം, ഭാഷ, പ്രാദേശിക വൈവിധ്യം എന്നിവയ്ക്കെല്ലാം അപ്പുറത്ത് സമൂഹത്തില്‍ ഐക്യം വളര്‍ത്തുക എന്നതാണ് ഒരു പൗരന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടിക്കാട്ടി.

കീഴ്ക്കോടതികള്‍ രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മുനവ്വര്‍ ഫാറൂഖി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിങ് ഗൗറിന്റെ മകന്‍ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയില്‍ ജനുവരി രണ്ടിനാണ് ഫാറൂഖിയും സഹായിയും അറസ്റ്റിലായിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു എന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്.

 

Top