തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ല.
ജൂലൈ 20 നാണ് കർക്കിടവാവ്. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി.
മാത്രമല്ല ബലിതർപ്പണ ചടങ്ങിൻറെ ഭാഗമായി ഭക്തജനങ്ങൾ തർപ്പണത്തിനു മുൻപും ശേഷവും കൂട്ടായി വെള്ളത്തിൽ ഇറങ്ങുന്ന പതിവും ഉണ്ട്. ഇത്തരം കാര്യങ്ങൾ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടതുണ്ട്. ഇക്കാരണങ്ങളാലാണ് ഈ വർഷത്തെ കർക്കിടകവാവ് പ്രമാണിച്ച് ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡു യോഗം തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസം 30 വരെ ഭക്തർക്ക് പ്രവേശനമില്ല. സമ്പർക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്.