ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം ‘ഇന്ദു സര്‍ക്കാറി’ന്റെ റിലീസിങ്ങ് തടയാനാവില്ലെന്ന് സുപ്രീംകോടതി.
ചിത്രത്തിന്റെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രിയാ പോള്‍ സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന ‘അപമാനകരമായ വസ്തുതകള്‍’ അടങ്ങിയതാണ് ചിത്രമെന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, വ്യക്തിപരമായ അവകാശവാദത്തേക്കാള്‍ ദേശീയ താല്‍പര്യവും അറിയാനുള്ള അവകാശവും സുപ്രധാനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
അടിയന്തരാവസ്ഥ പ്രമേയമാക്കി മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്ദു സര്‍ക്കാര്‍’.
ചിത്രം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ചരിത്രത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നുവെന്നും നേരത്തെ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
അനുപം ഖേര്‍, നെയില്‍ നിതിന്‍ മുകേഷ്, കീര്‍ത്തി കല്‍ഹരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയാണ് ചിത്രീകരിക്കുന്നത്. അനു മാലിക്ക്, ബാപ്പി ലാഹിരി തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ചാന്ദ്‌നി ബാര്‍, ഫാഷന്‍, ട്രാഫിക് സിഗ്‌നല്‍, ഹീറോയിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധൂര്‍ ഒരുക്കുന്ന ചിത്രം, ഇന്ദു സര്‍ക്കാര്‍ നാളെ തിയേറ്ററുകളിലെത്തും.