മുംബൈ: കടക്കെണിയില്‍പെട്ട് പ്രവര്‍ത്തനം നിര്‍ത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും ഉടമകളായ യുബി ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള വ്യാപാര മുദ്രകള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ വാങ്ങാന്‍ ആളെത്താതിരുന്നതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.
വായ്പ നല്‍കിയ ബാങ്കുകളുടെ നേതൃത്വത്തില്‍ പണം തിരിച്ചുപിടിക്കാനായി നടത്തിയ ലേലനടപടികള്‍ വാങ്ങാന്‍ ആളെത്താതിരുന്നതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് ലേലം സംഘടിപ്പിച്ചത്.
ഫ്‌ലൈ കിങ്ഫിഷര്‍, ഫ്‌ലൈ ദ് ഗുഡ്‌ടൈംസ് കിങ്ഫിഷര്‍, പറക്കുന്ന പക്ഷി മുദ്ര തുടങ്ങിയവയാണ് ലേലത്തിന് വച്ചത്. നേരത്തെ, വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാന മന്ദിരമായ കിങ്ഫിഷര്‍ ഹൗസും ലേലത്തില്‍ വച്ചെങ്കിലും ലേലനടപടികള്‍ ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും ആരും താല്‍പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.
2012 ഒക്ടോബറിലാണ് കിങ് ഫിഷര്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ നിയമനടപടി നേരിടുന്ന മല്യ, സേവന നികുതി വിഭാഗത്തിനും കോടികളുടെ കുടിശിക നല്‍കാനുണ്ട്.
7500 കോടി രൂപയാണ് പ്രമുഖ ബാങ്കുകള്‍ക്ക് മുതല്‍ ഇനത്തില്‍തന്നെ കിട്ടാനുള്ളത്. പലിശയും ശമ്പളക്കുടിശികയും അടക്കം 13000 കോടിയോളം രൂപയാണ് ഇപ്പോള്‍ കമ്പനിയുടെ ആകെ ബാധ്യത.