വില്‍ക്കാന്‍ തീരുമാനിച്ചിട്ടും എയര്‍ ഇന്ത്യ വാങ്ങാന്‍ ആളില്ല

Air india

ന്യൂഡല്‍ഹി: ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടും എയര്‍ഇന്ത്യ വാങ്ങാന്‍ ആളില്ല. നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരും തന്നെ ഓഹരികള്‍ വാങ്ങാന്‍ വന്നില്ല.

വാങ്ങാന്‍ ആരും വന്നില്ലെങ്കിലും ഇനി വില്‍പ്പനക്കുള്ള അവസാന തിയതി നീട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗബേയ് അറിയിച്ചു. നേരത്തെ മേയ് 14ന് അവസാനിക്കാനിരുന്ന തിയതി മെയ് 31 ലേക്ക് നീട്ടിയിരുന്നു.

50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടര്‍ന്ന് 2017 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയര്‍ ഇന്ത്യ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത്.

ഓഹരികള്‍ വില്‍ക്കുന്നതിനായി വ്യോമയാന മന്ത്രാലയമാണ് താല്‍പര്യപത്രം ക്ഷണിച്ചത്. 76 ശതമാനം ഓഹരിവില്‍പനക്കൊപ്പം സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണവും കൈമാറാനുമായിരുന്നു പദ്ധതി. മാനേജ്മന്റെിനോ ജീവനക്കാര്‍ക്കോ നേരിട്ടോ അല്ലെങ്കില്‍ കണ്‍സോര്‍ട്യം രൂപവത്കരിച്ചോ ഓഹരിവില്‍പനയില്‍ പങ്കെടുക്കാമെന്നും ഇതുസംബന്ധിച്ച പ്രാഥമിക ധാരണപത്രത്തില്‍ പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എസ്.എ.ടി.എസ് എയര്‍പോര്‍ട്ട് സര്‍വീസസ് എന്നീ കമ്പനികളുടെയും ഓഹരികള്‍ കൈമാറാനുമായിരുന്നു തീരുമാനം.

Top