ബാബുവിനെതിരെ കേസെടുക്കില്ല; വനംമന്ത്രി എകെ ശശീന്ദ്രന്‍

 

പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍നിന്നും രക്ഷപെട്ട ചെറാട് സ്വദേശി ആര്‍. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ തിടുക്കത്തിലായിപ്പോയി. വനംവകുപ്പ് മേധാവിയേയും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനേയും വിളിപ്പിച്ചതായും മന്ത്രി പറഞ്ഞു.

ബാബുവിനെതിരെ വനമേഖലയില്‍ അതിക്രമിച്ചുകയറിയതിന് കേസെടുക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസ് എടുക്കുക. കുറ്റം തെളിഞ്ഞാല്‍ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷമായിരിക്കും കേസെടുക്കുക. വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.

 

Top