ഐപിഎല്‍ 2024ലെ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തന്നെ മുഴുവന്‍ മത്സരങ്ങളും നടക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഐപിഎല്‍ സമാന്തരമായി തന്നെ അരങ്ങേറുമെന്നു ധുമാല്‍ വിശദമാക്കി. ഏപ്രില്‍ 19നും ജൂണ്‍ ഒന്നിനും ഇടയില്‍ ഏഴ് ഘട്ടങ്ങളായാണ് പൊതു തെരഞ്ഞെടുപ്പ്.
ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎയിലേക്ക് മാറ്റിയേക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍.
ഐപിഎല്ലിന്‍റെ രണ്ടാം പകുതി ദുബായില്‍ നടത്തുന്നതില്‍ സാധ്യതകള്‍ പരിശോധിക്കുന്നാതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ചില ഐപിഎല്‍ ടീമുകള്‍ താരങ്ങളോട് പാസ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.