ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
ബിജെപി ഇപ്പോള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടക്കുകയാണ്. എന്നാല്‍ ബിജെപിയോടോ ജയ്റ്റ്‌ലിയോടോ മാപ്പ് പറയാന്‍ ഞങ്ങള്‍ തയ്യാറല്ല. ജയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ട കേസ് മുന്നോട്ട് പോകട്ടെ. സത്യം പുറത്തു വരട്ടെയെന്നും കേജ്‌രിവാള്‍ പറഞ്ഞു. ട്വിറ്ററിലാണ് കേജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ജയ്റ്റ്‌ലിയുടെ പേര് പരാമര്‍ശിയ്ക്കാത്തതായിരുന്നു എഎപിയ്‌ക്കെതിരെ ബി.ജെ.പി ആയുധമാക്കിയത്. ഇതിനുള്ള മറുപടിയായിട്ടായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം. ആ റിപ്പോര്‍ട്ടില്‍ ക്രമക്കേട് സംബന്ധിച്ച് പരാമര്‍ശിയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് വരുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ ഡിഡിസിഎയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് പരാമര്‍ശിയ്ക്കുന്നുണ്ടെങ്കിലും 13 വര്‍ഷത്തോളം പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലിയുടെ പേര് പരാമര്‍ശിയ്ക്കുന്നില്ല. ഇതേ തുടര്‍ന്നാണ് കേജ്‌രിവാളും എഎപി നേതാക്കളും മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയത്.
ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിലെ കോര്‍പറേറ്റ് ബോക്‌സ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചാണു വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സംഗി നേതൃത്വം നല്‍കിയ മൂന്നംഗ സമിതി നല്‍കിയ 247 പേജുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. വയസ് തെളിയിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പുകള്‍, നിര്‍മാണത്തിലെ ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ചാണ് അന്വേഷണമെന്നും അതിനാലാണു വ്യക്തികളെ പരാമര്‍ശിക്കാതിരുന്നതെന്നും സൂചനയുണ്ട്.