തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികവ്യാപനമുണ്ടായിട്ടില്ലെന്നും ഇനി സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇല്ലാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ വളരെ കുറച്ച് പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
വെഞ്ഞാറമൂട് മൂന്നുപേര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തിവരുന്നുണ്ട്. സമൂഹവ്യാപനത്തിന്റെ ക്ലസ്റ്റര്‍ കേരളത്തില്‍ കണ്ടെത്താനായില്ല. എല്ലാ പോസിറ്റീവ് കേസുകളിലും ഒരു സമ്പര്‍ക്കമെങ്കിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ പെരിഫറല്‍ ന്യൂമോണിയ കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.എല്ലാ ദിവസവും 3000 ത്തോളം പരിശോധനകള്‍ നടത്തുമെന്നും രോഗബാധിതരുടെ എണ്ണം കൂടുന്നതില്‍ ആശങ്ക ഇല്ലെന്നും 15 ശതമാനം മാത്രമേ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച തിരുവല്ല സ്വദേശി ജോഷിയെ രക്ഷപ്പടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം വ്യാപനമാണ് ഇതെന്ന് പറയാം. ആദ്യം വുഹാനില്‍നിന്നെത്തിയവര്‍ക്കും പിന്നീട് ഇറ്റലിയില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് വരെ 503 കേസുകള്‍ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. മൂന്ന് മരണവും ഉണ്ടായിരുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ വിദേശങ്ങളില്‍ നിന്നും മറ്റും കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തി. ഇവരുടെ വരവ് തടസപ്പെടുത്താന്‍ കഴിയില്ല. പക്ഷേ കര്‍ശനമായി പരിശോധിക്കേണ്ടി വരുന്നു. ഇപ്പോള്‍ കൂടുതല്‍ പേര്‍ എത്തുന്നതും രോഗവ്യാപനം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇവിടെനിന്നെല്ലാം വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം കണ്ടെത്തുന്നു. അതിനാല്‍ കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്ന് മന്ത്രി പറഞ്ഞു.
പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയില്ല. പക്ഷേ കേരളത്തിന് പുറത്തുനിന്നും വരുന്നവരില്‍ പലരും അവശനിലയിലാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. ഇത് ആശങ്ക ഉയര്‍ത്തുന്നു. സംസ്ഥാനത്ത് മരണസംഖ്യ കുറക്കാന്‍ പരമാവധി ശ്രമിക്കുന്നതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.