മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം: നിയമസഭയില്‍ ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയാണ് അവിശ്വാസ പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയത്. ബിജെപിയും സഖ്യകക്ഷിയായ ജെ.ജെ.പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമായി നടക്കുന്നതിനിടെയാണ് ഹരിയാണയില്‍ ബിജെപി സര്‍ക്കാര്‍ പുതിയ രാഷ്ട്രീയ വെല്ലുവിളി നേരിടുന്നത്. ദുഷ്യന്ത് ചൗട്ടാല നേതൃത്വം നല്‍കുന്ന ജെ.ജെ.പിയുടെ പിന്തുണയില്‍ നേരിയ ഭൂരിപക്ഷമാണ് ഹരിയാണ സര്‍ക്കാരിനുള്ളത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യിക്കുന്നതിന് വേണ്ടി കര്‍ഷക സമിതി നേതാക്കള്‍ ജെജെപിയിലെ 10 എംഎല്‍എമാരുടെ ഓരോ വീടും ഓഫീസും സന്ദര്‍ശിക്കുകയാണ്.

90 അംഗം നിയമസഭയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. 40 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 30 എംഎല്‍എമാരും ഐഎന്‍എല്‍ഡി, ലോഖിത് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമുണ്ട്. ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ അഞ്ച് പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്.

Top