ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം സ്പീക്കര്‍ ഇന്ന് പ്രഖ്യാപിക്കും. കാര്യോപദേശക സമിതി ധാരണയുടെ അടിസ്ഥാനത്തിലുള്ള തിരുമാനം ആകും സ്പീക്കര്‍ പ്രഖ്യാപിക്കുക. ഇന്ത്യ’യില്‍ അംഗമല്ലാത്ത ബിആര്‍എസും അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ കൂട്ടായ്മയിലെ കക്ഷികള്‍ക്ക് ലോക്‌സഭയില്‍ മൊത്തം 144 അംഗങ്ങളുണ്ട്. എന്‍ഡിഎക്ക് 331 എംപിമാരുണ്ട്. മറ്റെല്ലാ കക്ഷികള്‍ക്കുമായി 54 എംപിമാരാണുള്ളത്. സഭയില്‍ ബിആര്‍എസിന് ഒമ്പത് അംഗങ്ങളാണ്.
ലോക്‌സഭയിലെ കണക്ക് ബിജെപിക്ക് അനുകൂലമാണെങ്കിലും അവിശ്വാസപ്രമേയ ചര്‍ച്ചവഴി സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ഭരണഘടന പ്രകാരം ലോക്‌സഭയില്‍ മാത്രമാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിയുക. മോദി സര്‍ക്കാരിനെതിരെ 2018ല്‍ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
അതേസമയം മണിപ്പൂര്‍ കലാപത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ച് ആണ് പ്രതിപക്ഷ മുന്നണിയായ ഇന്‍ഡ്യയിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാത്തതിലുള്ള പ്രതിഷേധം കൂടിയാണിത്.