ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തില്‍ മാറണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. തന്റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട്ട് പ്രതികരിച്ചു.
താനും സച്ചിന് പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സ്ക്രീനിങ് കമ്മിറ്റിയില്‍ ഒറ്റ പേരും പോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും രാജസ്ഥാന് മുഖ്യമന്ത്രി ഉയര്‍ത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങളില്‍ ആദ്യം എത്തുന്നത് ഇഡിയാണ്.
അന്വേഷണ ഏജന്‍സികളെ വെച്ചുള്ള രാഷ്ട്രീയ വേട്ടയാടല്‍ ഒരു സര്‍ക്കാരിന് ചേരുന്നതല്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റെയ്ഡുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വസുന്ധര രാജെ സിന്ധ്യയോട് ബിജെപി ചെയ്യുന്നത് അനീതിയാണ്. തന്റെ പേരില്‍ അവരെ ബിജെപി അവഗണിക്കരുതെന്നും വസുന്ധര രാജ സിന്ധ്യയെ ബിജെപി അവഗണിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.