സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 ഇല്ല; ഇതുവരെ 401 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 31,611 പരിശോധനാഫലവും നെഗറ്റിവ് ആയിരുന്നു.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1,683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

Top