വീരാന്‍കുട്ടിയുടേത് കോവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച വീരാന്‍കുട്ടിയുടേത് (85) കോവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ രോഗിക്കുണ്ടായിരുന്നു.കൂടാതെ ഹൃദ്രോഗവും വൃക്കരോഗവും ഇതുമൂലമുള്ള അണുബാധയുമുണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗി എന്ന നിലയില്‍ വേണ്ട മുന്‍കരുതല്‍ സംസ്‌കാരച്ചടങ്ങുകളില്‍ വേണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ മാത്രമെ സംസ്‌കാരം നടത്താവു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി (85) മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

അതേസമയം എങ്ങനെയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍നിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Top