നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് മമത ബാനര്‍ജി

കോല്‍ക്കത്ത : പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും പണം തട്ടി നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ പിടികൂടിയതിന്റെ അംഗീകാരം ലണ്ടന്‍ ടെലിഗ്രാഫിന്റെ മാധ്യമപ്രവര്‍ത്തകനുള്ളതാണ്. അദ്ദേഹമാണ് മോദിയെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയതെന്നും മമത ചൂണ്ടിക്കാട്ടി.

ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പുറത്തിറക്കുമെന്നും അവര്‍ പരിഹസിച്ചു. നിങ്ങള്‍ നീരവ് മോദിക്കുവേണ്ടിയുള്ള സ്‌ട്രേക്ക് കണ്ടിരുന്നല്ലോ. സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്. കേന്ദ്രം ബോധപൂര്‍വം ഇത്തരംകാര്യങ്ങള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരിനു വിശ്വാസ്യത ഇല്ല. കേന്ദ്രസര്‍ക്കാര്‍ കാലാഹരണപ്പെട്ടതായി താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. കാലാഹരണപ്പെട്ടവരുടെ മരുന്ന് ആവശ്യമില്ല. നമ്മള്‍ കാലാഹരണപ്പെട്ട മരുന്നുകള്‍ ഒരിക്കലും വാങ്ങരുതെന്നും മമത വിമര്‍ശിച്ചു.

ലണ്ടനില്‍ വെച്ചാണ് നീരവ് മോദിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിരുന്നു. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഇന്ത്യയുടെ അപേക്ഷയില്‍ ഒപ്പു വെച്ചത്. അറസ്റ്റിനു പിന്നാലെ കേസിലെ വിചാരണയും തുടങ്ങും.

Top