ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പ് പരിഗണിച്ച് വിഷയം പിന്നീട് പരിഗണിക്കാനാണ് തീരുമാനം. വിഷയം പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായും സൂചന.
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗണ്‍സിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിര്‍പ്പ് അറിയിച്ചത്.
എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി പിന്നോട്ട് പോകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പല ഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.