തിരുവനന്തപുരം: മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യത്തില്‍ ധാരണയായില്ല. ഇക്കാര്യം കൂടിയാലോചിക്കാന്‍ സിപിഎം-സിപിഐ സംസ്ഥാനനേതൃത്വങ്ങളെ ദേശീയനേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ സിപിഐ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ചര്‍ച്ചക്ക് സമയമായില്ലെന്ന് സിപിഎം കരുതുന്നു.
ഇതുസംബന്ധിച്ച തീരുമാനം കേരളത്തില്‍ തന്നെയുണ്ടാകട്ടെ എന്നാണ് ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതാക്കളുടെ നിലപാട്. തൊട്ടടുത്ത ദിവസം കോടിയേരിയും കാനവും ഫോണില്‍ സംസാരിച്ചെങ്കിലും ‘മാണി’ വിഷയം ചര്‍ച്ചയായില്ല. മാണി വന്നാല്‍ എല്‍ഡിഎഫില്‍ തന്നെയുണ്ടാകില്ലെന്ന നിലപാട് സിപിഐ സംസ്ഥാനസമ്മേളനവും കേന്ദ്ര സെക്രട്ടേറിയറ്റും സ്വീകരിച്ച സാഹചര്യത്തില്‍ ഇവിടെ ഉടന്‍ അനുനയ സാധ്യതയില്ലെന്നു സിപിഎം കരുതുന്നു. സിപിഐ ഇടഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ മാണി വിഷയത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണി എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചാല്‍ അതു വേണ്ടെന്നു പറയില്ലെന്നാണു സിപിഎം നയം. സിപിഐയ്ക്കും ആ പിന്തുണ നിരസിക്കാന്‍ കഴിയില്ലെന്ന് സിപിഎം വിശ്വസിക്കുന്നു. 2005ലെ തിരുവനന്തപുരം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന് കെ കരുണാകരന്റെ ഡിഐസി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്ന് അത് സ്വീകരിച്ച സിപിഐക്ക് ചെങ്ങന്നൂരില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയുമോ എന്നാണ് സിപിഐ ചോദിക്കുന്നത്.
മറുവശത്ത് ഒരുറപ്പ് ലഭിക്കാതെ എങ്ങനെ എല്‍ഡിഎഫിനെ പിന്തുണക്കും എന്നാണ് മാണി വിഭാഗം ആലോചിക്കുന്നത്. ഇടതുമുന്നണി പ്രവേശനമെന്ന തീരുമാനമെടുത്താല്‍ പാര്‍ട്ടി പിളരും. ഇത് കണക്കിലെടുത്താണ് ചെങ്ങന്നൂരിലെ തീരുമാനം നീട്ടിവെക്കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്‍ദേശിച്ചത്. മാണി വിഭാഗം ഒരുമിച്ച് വരണമെന്നാണ് സിപിഎം ആഗ്രഹം.