ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ തീരുമാനമായില്ല. ഡിസിസി അധ്യക്ഷന്മാരുടെ രണ്ടാം പട്ടികയുമായി കെ സുധാകരനെത്തിയിട്ടും തീരുമാനമാകുന്നില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. സാമൂഹിക- സാമുദായിക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി.
തര്‍ക്കം തുടരുമ്പോള്‍ തിരുവനന്തപുരത്ത് ജിഎസ് ബാബു, കൊല്ലത്ത് രാജേന്ദ്ര പ്രസാദ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവര്‍ക്കാണ് മുന്‍തൂക്കം. ആലപ്പുഴയിലും പത്തനംതിട്ടയിലും ഹിന്ദു വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുമ്പോള്‍ നിലവില്‍ കോട്ടയത്ത് പരിഗണനയിലുള്ള നാട്ടകം സുരേഷിന്റെ പേര് ഒഴിവാക്കേണ്ടി വരും.
അങ്ങനെയെങ്കില്‍ ഫില്‍സണ്‍ മാത്യൂസ്, ജോമോന്‍ ഐക്കര എന്നിവരില്‍ ആരെയെങ്കിലും ഒരാളെ പരിഗണിക്കേണ്ടി വരും. പാലക്കാട് വി ടി ബല്‍റാമിനായി വിഡി സതീശനും, എ വി ഗോപിനാഥിനായി കെ സുധാകരനും വാദിക്കുമ്പോള്‍ കെ സി വേണുഗോപാലിന്റെ നോമിനിയായ എ തങ്കപ്പനാണ് മുന്‍തൂക്കം.
അതേസമയം, ഒറ്റ പേരിലെത്തിയ ചില ജില്ലകളില്‍ പരിഗണനയിലുള്ളവരെ മാറ്റണമെന്ന സമ്മര്‍ദ്ദവും നേതൃത്വത്തിന് മേലുണ്ട്. സമുദായ സന്തുലിതാവസ്ഥ പാലിക്കാന്‍ മലപ്പുറത്ത് വി എസ് ജോയിക്ക് പകരം ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എറണാകുളത്ത് വിഡി സതീശററെ നോമിനിയായ മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നതിലും എതിര്‍പ്പുണ്ട്.