ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി പാര്‍ട്ടി മേധാവിയുമായി അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യംവെച്ച് പ്രസ്താവനകള്‍ നടത്തുന്നത് ബിജെപി ഒരു പതിവായി മാറ്റിയിരിക്കുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഒടുവിലായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറാണ് കെജ്രിവാളിനെ ലക്ഷ്യംവെച്ച് രംഗത്ത് വന്നിരിക്കുന്നത്.
ഫെബ്രുവരി 8ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ബിജെപിയും, എഎപിയും പരസ്പരം വാക്‌പോര് അഴിച്ചുവിട്ട് വരികയാണ്. ‘ഡല്‍ഹിയിലെ ജനങ്ങള്‍, ഒരുഘട്ടത്തില്‍ കെജ്രിവാളിന് പിന്നില്‍ നിന്നവര്‍, ഇപ്പോള്‍ അയാള്‍ക്ക് എതിരായിരിക്കുന്നു. ഇതിന് ഒരു കാരണമുണ്ട്’, പ്രകാശ് ജാവദേകര്‍ പ്രസ്താവിച്ചു. ഇതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.
‘നിരപരാധിയുടെ മുഖവുമായി കെജ്രിവാള്‍ ഇപ്പോള്‍ ചോദിക്കുന്നു ഞാനൊരു തീവ്രവാദിയാണോ എന്ന്. താങ്കളൊരു തീവ്രവാദി തന്നെയാണ്. അതിന് നിരവധി തെളിവുകളുമുണ്ട്. താങ്കളൊരു അരാജകവാദിയാണെന്ന് നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അരാജകവാദികളും, തീവ്രവാദികളും തമ്മില്‍ വലിയ വ്യത്യാസമില്ല’, ജാവദേകര്‍ കുറ്റപ്പെടുത്തി.
ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയില്‍ നിന്നും ബിജെപിയില്‍ ചേക്കേറിയ നിരവധി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. ജാവദേകറുടെ വാക്കുകള്‍ക്ക് എതിരെ എഎപി സമയം പാഴാക്കാതെ രംഗത്ത് വന്നു. ‘കേന്ദ്ര സര്‍ക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനുമുള്ള രാജ്യതലസ്ഥാനത്താണ് ഈ പ്രസ്താവന നടന്നിരിക്കുന്നത്. എങ്ങിനെയാണ് കേന്ദ്ര മന്ത്രിക്ക് ഇത്തരമൊരു ഭാഷ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. അരവിന്ദ് കെജ്രിവാള്‍ തീവ്രവാദിയാണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു, എഎപി രാജ്യസഭാ അംഗം സഞ്ജയ് സിംഗ് പ്രതികരിച്ചു.