സര്‍ക്കാര്‍ ആരോടും വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: സര്‍ക്കാര്‍ ആരോടും വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരെയും പ്രീതിപ്പെടുത്താറില്ലെങ്കിലും ക്ഷേമപദ്ധതികളുടെ നേട്ടങ്ങള്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും യോഗി പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ആകെയുള്ള ജനസംഖ്യയില്‍ മുസ്ലീമുകളുടെ അനുപാതത്തിന് മുകളിലാണ് സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് ആ മതവിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ആകെ ജനസംഖ്യയുടെ 17 മുതല്‍ 19 ശതമാനം വരെയാണ് മുസ്ലിം മതവിഭാഗക്കാരുള്ളത്, എന്നാല്‍ ക്ഷേമപദ്ധതികളുടെ പ്രയോജനത്തിന്റെ 30 മുതല്‍ 35 ശതമാനം വരെ മുസ്ലിങ്ങളാണ് അനുഭവിക്കുന്നതെന്ന് ബുധനാഴ്ച നിയമസഭ സമിതിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിന് ഉദാഹരണമായി ഭവനപദ്ധതി, സൗജന്യ വൈദ്യുതി കണക്ഷന്‍, ഉജ്ജ്വല പദ്ധതിയ്ക്ക് കീഴിലുള്ള സൗജന്യ പാചകവാതക കണക്ഷന്‍, ആയുഷ്മാന്‍ ആരോഗ്യപദ്ധതി എന്നിവയെല്ലാം യോഗി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദമോദി വിഭാവനം ചെയ്ത ‘സബ്കാ സാഥ്, സബ്കാ വികാസ്(എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും പുരോഗതി)’എന്ന നയം പിന്തുടരുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അങ്ങേയറ്റം ആത്മാര്‍ഥവും സുതാര്യവുമാണെന്ന് യോഗി വ്യക്തമാക്കി.

Top