ഡല്‍ഹി: ഷാഹിദബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് ഡോക്ടര്‍മാരില്ല. രണ്ടു ദിവസം മുമ്പാണ് കൂട്ട ബലാല്‍സംഗത്തിത്തിനിരയായ പതിമൂന്നുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ഷാഹിദാബാദ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
അതേ സമയം, പെണ്‍കുട്ടി പീഡിക്കപ്പെട്ടിരുന്നോയെന്ന് തീരുമാനിക്കേണ്ടത് മെഡിക്കല്‍ പരിശോധനയിലൂടെയാണ്. എന്നാല്‍ ഷാഹിദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു ദിവസമായിട്ടും ഒരു ഡോക്ടര്‍ പോലും എത്തിയില്ല. ഡോക്ടറെത്തി പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കേസില്‍ പൊലീസിന് അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അയല്‍വാസികളായ ആണ്‍കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു. എന്നാല്‍ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കണമെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്.
അതേസമയം, പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു. തന്നെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചെന്നും, ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയിരുന്നെന്നും തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
രണ്ടു ദിവസമായിട്ടും ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ പരിശോധന വൈകുകയാണെന്നും,ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഷാഹിദാബാദ് എസ്.പി, ജിതേന്ദ്രര്‍ സിങ് പറഞ്ഞു.