ഡ്രൈവറും സ്റ്റിയറിങ്ങും ഇല്ല; വരുന്നത് ബുദ്ധിയുള്ള സ്വയം നിയന്ത്രിത കാറുകള്‍ !

ദുബായ്: സ്മാര്‍ട് ദുബായ് പാതകളില്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ 2023ല്‍ കാറുകള്‍ കുതിച്ചുപായും. സ്വയംനിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായി. ഗതാഗത ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അടുത്തവര്‍ഷം രൂപം നല്‍കുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഇപ്പോള്‍ നടക്കുന്ന ദുബായ് എക്‌സ്‌പോ വേദികളിലെ നിശ്ചിത പാതകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നിശ്ചിത മേഖലകളില്‍ സാധനങ്ങള്‍ എത്തിക്കാനും മറ്റും ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ചില കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളിലും ഡ്രൈവറില്ലാ വാഹനങ്ങള്‍ ഓടിത്തുടങ്ങും.

ദുബായ് ടാക്‌സികളില്‍ 5% ഡ്രൈവറില്ലാ കാറുകളാക്കാനും പദ്ധതിയുണ്ട്. ഇതോടെ യുഎസ് കഴിഞ്ഞാല്‍ ഈ സൗകര്യമുള്ള ആദ്യ നഗരമാകും ദുബായ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് എയര്‍ ടാക്സി (എഎടി)യും വൈകാതെ ടേക് ഓഫ് ചെയ്യും.

നിര്‍മിതബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങളില്‍ മറ്റു വാഹനങ്ങള്‍, കാല്‍നടയാത്രികര്‍ എന്നിവയെല്ലാം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.

 

 

Top