റായ്പൂർ: കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിർദ്ദേശ രീതി തുടരാൻ ധാരണയായി. പ്ലീനറി സമ്മേളനത്തിൻറെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിർണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോൾ തന്നെ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്.
പാർട്ടിയിൽ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നൽകാനായി. എന്നാൽ, ലോക്സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു മത്സരം പാർട്ടിയിൽ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. പി ചിദംബരം, അജയ് മാക്കൻ തുടങ്ങിയ നേതാക്കൾ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാർജ്ജുൻ ഖാർഗെ പ്രഖ്യാപിക്കുകയായിരുന്നു.