കോട്ടയം: ആദിവാസി ഭൂമി സ്വന്തമാക്കിയെന്ന കേസില്‍ മന്ത്രി പി ജെ ജോസഫിനും കെ ഇ ഇസ്മയില്‍ എംപിയ്ക്കും എതിരായ കേസില്‍ തെളിവില്ലെന്ന് കാണിച്ച് കോട്ടയം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.
ഒമ്പത് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്. നാടുകാണിയിലെ വനം കൈയേറ്റവും ഇടുക്കി മൂലമറ്റത്തെ ആദിവാസി ഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് വിജിലന്‍സ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മൂലമറ്റത്ത് പി ജെ ജോസഫ് ഒന്നര ഏക്കര്‍ ആദിവാസി ഭൂമി പണം കൊടുത്ത് വാങ്ങി കൈവശം വെച്ചതിന്റെ പേരിലായിരുന്നു വിജിലന്‍സ് അന്വേഷണം. ആദിവാസി സെറ്റില്‍മെന്റ് ഭൂമി പണം കൊടുത്ത് വാങ്ങാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണിത്.
പി ജെ ജോസഫ് ആദിവാസി ഭൂമി കൈവശം വെക്കുകയും ഇവിടെ കാര്‍ഷിക ഗവേഷണ കേന്ദ്രം ആരംഭിക്കുകയും ചെയ്തതായി അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്ളപ്പോഴാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.