ദാവൂദിനെയും ഹാഫിസ് സയീദിനെയും വിട്ടുകിട്ടാനാവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിനേയും ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദിനെയും വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ.

പാകിസ്താനിലുണ്ടെന്ന് സംശയിക്കുന്ന ഇവരെ വിട്ടുകിട്ടാനോ കസ്റ്റഡി ആവശ്യപ്പെട്ടോ ഒരു അന്വേഷണ ഏജന്‍സിയും അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഇവരെ വിട്ടുകിട്ടാനായി സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് കാട്ടി പി.ടി.ഐ ന്യൂസ് ഏജന്‍സി നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കാണ് മന്ത്രാലയത്തിന്റെ മറുപടി.

ഇവരെ വിട്ടുകിട്ടാന്‍ പാകിസ്താനോട് ആവശ്യപ്പെടണമെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ അപേക്ഷ അനിവാര്യമാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

2008ല്‍ 166 പേരുടെ ജീവന്‍ നഷ്ടമായ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്.1993ല്‍ 260 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം.

ദാവൂദ് ഇബ്രാഹിം പാകിസ്താനിലുള്ളതായും ഇയാളെ കണ്ടെത്തി ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ പലപ്പോഴായി പ്രതികരിച്ചിരുന്നു.

എന്നാല്‍ ദാവൂദിനെയും പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ച ഹാഫിസിനെയും വിട്ടുകിട്ടുന്നതിനായി ഔദ്യോഗികമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് വിവരാവകാശരേഖ പറയുന്നത്.

Top