ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല; ഇത്തിഹാദ്

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ജൂലൈ 31 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് കൂട്ടിച്ചേര്‍ത്തു.

സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനമാണ് നീട്ടിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ സര്‍വീസുകളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും ഇത്തിഹാദും നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്.

 

Top